ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവീട്ടിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കരടിക്കുഴി മണിക്കൽ മൊട്ടയിൽ നടന്ന സംഭവത്തിലാണ് പെൺകുട്ടിയുടെ അയൽവാസിയായ കറുവാമുടി ആനന്ദ് (22) അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു 17 കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരംഭത്തിലേ സംശയം ഉയർന്നിരുന്നു. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അയൽവാസികളായ മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയ ശ്രവം ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് ആനന്ദ് പിടിയിലാകുന്നത്.
തുടർന്ന് പീരുമേട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ആളില്ലാത്ത സമയങ്ങളിൽ യുവാവ് പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
പെൺകുട്ടിയുടെ മരണത്തിലേക്ക് നയിക്കുന്നതിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പീരുമേട് പൊലിസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ നാളെ റെഡ് അലർട്ട്
കൊച്ചി: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ നാളെ റെഡ് അലർട്ട്. ജില്ലയിൽ നാളെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ തീവ്രമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വൈകിട്ടോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്.
മുൻ വർഷങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴ പെയ്‌തിട്ടുണ്ട്. വലിയ നാശ നഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. സമാന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: