ഇടുക്കി: പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കത്തിയമർന്ന് ക്ലീനർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പശുപ്പാറ- കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ബസാണ് തിങ്കളാഴ്ച്ച പുലർച്ചെ രണ്ടരയോടെ ചെളിമടയിലെ പെട്രൊൾ പമ്പിൽ കത്തിനശിച്ചത്. ബസിന്‍റെ ക്ലീനറായ ഉപ്പുകുളം സ്വദേശി രാജ (24) നാണ് വെന്തു മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വൻ ദുരൂഹതകൾ മറഞ്ഞിരിക്കുന്നതായിട്ടാണ് സൂചനകൾ. വർഷങ്ങളായി ഹൈറേഞ്ചിലെ വിവിധ ബസുകളിൽ ക്ലീനറായി ജോലി ചെയ്തിരുന്ന രാജൻ പത്ത് ദിവസം മുൻപാണ് കത്തിക്കരിഞ്ഞ ബസിൽ ക്ലീനറായി ജോലിയിൽ പ്രവേശിക്കുന്നത്.
രാത്രി ഏഴരയോടെ കുമളിയിൽ സർവീസ് അവസാനിപ്പിക്കുന്ന ബസ് രാവിലെ ആറരക്കാണ് ആദ്യ സർവീസ് നടത്തുന്നത്. രാത്രി ബസ് ഒതുക്കിയ ശേഷം ബസ് കഴുകി വൃത്തിയാക്കി ഡീസലും നിറച്ച ശേഷമാണ് സാധാരണമായി ക്ലീനർ ഉറങ്ങാൻ കിടക്കുന്നത്. ബസ് കത്തിയമർന്ന ഞായറാഴ്ച്ച രാത്രയിലും രാജൻ സമാനമായി പ്രവൃത്തികൾ എല്ലാം ചെയ്തിരുന്നു. ഉറങ്ങാൻ കിടന്ന് മണിക്കൂറുകൾക്കകമാണ് ബസിനു തീപിടിച്ചതും കത്തിയമർന്നതും. ബസിന്‍റെ പിൻഭാഗത്തു നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. പിൻഭാഗത്ത് ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെ നടക്കാൻ സാധ്യത വളരെ കുറവായത് തന്നെയാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. പിൻഭാഗത്തുണ്ടായ തീ വളരെ വേഗം ബസിനു ചുറ്റുപാടിലേക്കും വ്യാപിച്ചതും സംശയാസ്പദമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ബസിന്‍റെ എഞ്ചിൻ ഭാഗങ്ങളിലേക്ക് തീ എത്തിയത് വളരെ വൈകിയാണ്. മിനിറ്റുകൾക്കുള്ളിൽ ബസിൽ തീ പടർന്നുവെന്നാണ് ലഭിക്കുന്ന വിവരം. തീ മീറ്ററുകളോളം ഉയരത്തിൽ പൊങ്ങുകയും ചെയ്തിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പ്രൈംടൈം ന്യൂസിനോട് പറഞ്ഞു.
സാധാരണ ഷോർട്ട് സർക്യൂട്ടാണ് ഉണ്ടായതെങ്കിൽ ഇത്ര വേഗം തീ ബസിലേക്ക് പടർന്നു പിടിക്കാൻ സാധ്യതയില്ല. തന്നെയുമല്ല, ബസിൽ ഉണ്ടായിരുന്ന രാജൻ ഇക്കാര്യം അറിയുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യും. സമീപത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ കുഴൽ കിണർ ലോറിയുടെ ഡ്രൈവറും പമ്പിലെ ഒരു ജീവനക്കാരനുമാണ് തീ ആദ്യം കാണുന്നത്. ഇവർ പറയുന്ന മൊഴിയിലും പിൻഭാഗത്തു നിന്നാണ് തീ പടർന്നത്. എന്നാൽ രാജന്‍റെ മൃതദേഹം കണ്ടെത്തിയത് ഡ്രൈവർക്ക് പിന്നിലെ മൂന്നാമത്തെ സീറ്റിനടിയിലാണ്. മുഴുവനായി കത്തി ചാമ്പലായ രാജന്‍റെ തലയോട്ടും അസ്ഥി കഷണങ്ങളും മാത്രമാണ് അവശേഷിച്ചിരുന്നത്. തീപിടുത്തിൽ ബസിന്‍റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചിട്ടില്ല. ഇത് വൻ ദുരന്തം വരാതിരിക്കുന്നതിനും കാരണമായി. ബസ് കത്തിയതിന് 30 മീറ്റർ മാത്രമാണ് പെട്രൊൾ പമ്പിന് അകലമുണ്ടായിരുന്നത്.
ബസ് പൊട്ടിത്തെറിച്ച് പമ്പിലേക്ക് പതിച്ചിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. മരിച്ച രാജൻ കുമളി വഴി സർവീസ് നടത്തുന്ന മിക്ക ബസുകളിലും ക്ലീനർ ആയി ജോലി നോക്കിയിട്ടുണ്ട്. ബസ് കത്തിയമർന്ന് ഒൻപത് മണിക്കൂറിനു ശേഷമാണ് രാജന്‍റെ മൃതദേഹം പുറത്തെടുക്കാനായത്. കോട്ടയത്തു നിന്നും ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തുന്നതിനു വേണ്ടിയായിരുന്നു ഈ താമസം. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രദേശത്തെ സിസി ടിവി ക്യാമറ ഉൾപ്പെടെ പരിശോധനക്ക് വിധേയമാക്കും. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ എന്തെങ്കിലും വ്യക്തമാകുയെന്ന നിഗമനത്തിലാണ് പൊലീസ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: