ഇടുക്കി: ബോധവൽക്കരണത്തിനു വീട്ടിലെത്തിയ ഹരിത കർമ സേനാംഗത്തെ പിതാവും മകനും ചേർന്ന് മർദിച്ചതായി പരാതി. വണ്ടൻമേട് പഞ്ചായത്തിലാണ് സംഭവം. ഹരിത കർമ സേനാംഗങ്ങളായ ഷൈനി സ്റ്റീഫൻ, ഷിനി എന്നിവർക്കു നേരെയാണ് 12-ാം വാർഡ് ഐ.എം.എസ്. കോളനിയിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജോസഫും മകൻ രത്നകുമാറും ചേർന്ന് ആക്രമണം നടത്തിയത്.
പഞ്ചായത്തിൽ സമ്പൂർണ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണത്തിനു വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം. ഷൈനിയെ ബലമായി പിടിച്ചു നിർത്തി ജോസഫും മകൻ രക്തനകുമാറും ഇരു കവിളിലും ശരീരത്തും അസഭ്യ വർഷത്തോടെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം സംബന്ധിച്ച് പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പ്രകാരം മാസത്തിലൊരു ദിവസം വീടുകളിൽ ഹരിത കർമ സേനാംഗങ്ങൾ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും.
ഇതിനായി വീടൊന്നിന് പ്രതിമാസം 30 രൂപ ഈടാക്കാനുമാണ് പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച് വീടുകളിലെത്തി ജനങ്ങളെ ബോധവൽകരിക്കുന്ന പരിപാടിക്കിടെയാണ് ഹരിത കർമ സേനാംഗത്തിനു മർദ്ദനമേറ്റത്. തങ്ങൾക്കു പണം തരാൻ സൗകര്യമില്ലെന്നും പൊതുസ്ഥഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടരുമെന്നും അക്രോശിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് ഹരിതസേനാ പ്രവർത്തകർ പറഞ്ഞു. മർദ്ദനമേറ്റ ഷൈനിയെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൻമേൽ വണ്ടൻമേട് പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: