
ഇടുക്കി: സർവസന്നാഹങ്ങളും ഇറക്കിയിട്ടും പീരുമേട്ടിൽ തകർന്നടിഞ്ഞ് യുഡിഎഫ്. മണ്ഡലത്തിൽ സി.പി.ഐയുടെ വാഴൂർ സോമൻ 1698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. നിയമസഭയിലേക്കുള്ള കന്നിയംഗത്തിലാണ് വാഴൂരിന്‍റെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസ് പരാജയം ഏറ്റുവാങ്ങുന്നത്.
രണ്ടു തവണയും മണ്ഡലത്തിലെ അനുകൂല തരംഗം വോട്ടാക്കാൻ സിറിയക്കിനും യുഡിഎഫിനും കഴിഞ്ഞില്ല. പാർട്ടിക്കും മുന്നണിക്കുമുള്ളിലെ പടല പിണക്കം തന്നെയാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. മൂന്നു ടേമുകളിലായി ഇടത് ഭരണം തുടരുന്ന മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാൻ സർവ സന്നാഹങ്ങളും ഇറക്കിയാണ് കോൺഗ്രസും യുഡിഎഫും ഇത്തവണ തെരഞ്ഞെടുപ്പിനൊരുങ്ങിയത്. എന്നാൽ സീറ്റ് നിർണയത്തിൽ തുടങ്ങിയ വിവാദങ്ങൾ പിന്നീട് സ്ഥാനാർഥിയുടെ പരാജയത്തിലേക്ക് വരെ നയിക്കുകയായിരുന്നു.
കഴിഞ്ഞ തവണ തോറ്റ സിറിയക്കിനെ ഇത്തവണ മത്സരിക്കേണ്ടെന്നതടക്കമുള്ള വിവാദങ്ങൾ മണ്ഡലത്തിൽ ഉടലെടുത്തിരുന്നു. പാർട്ടിക്കുള്ളിൽ വിമത നീക്കം ഉണ്ടാകുകയും ചെയ്‌തു. എന്നാൽ ഇതിനെ മറികടന്ന് സീറ്റുറപ്പിച്ചിട്ടും വിജയിച്ചു കയറാൻ സിറിയക്കിനു കഴിഞ്ഞില്ല. ഇതോടെ സിറിയക് തോമസിന്‍റെ രാഷ്ട്രീയ ഭാവിയും വെല്ലുവിളിയായിരിക്കുകയാണ്. രണ്ട് നിയമ സഭാ തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം മുതലാക്കാൻ കഴിയാത്ത നേതാവെന്ന വിലയിരുത്തലായിരിക്കും പാർട്ടിയും മുന്നണിയും സിറിയക്കിനു ചാർത്തി നൽകുക.
അതേസമയം മണ്ഡലം വീണ്ടും കൈവിട്ടതോടെ പീരുമേട്ടിൽ കോൺഗ്രസും യുഡിഎഫും വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം ഗ്രൂപ്പ് കളി മണ്ഡലത്തിൽ വലിയ തിരിച്ചടികൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി പരാജയം നേരിടുന്നത്. പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലാണ് വാഴൂർ സോമൻ ലീഡ് ഉയർത്തിയത്. പരാജയത്തിന്‍റെ കാരണം അന്വേഷിച്ചെത്തിയാൽ ചെന്നെത്തുക സ്വന്തം മുന്നണിയിലേക്ക് തന്നെയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: