തിരുവനന്തപുരം: നിയന്ത്രണം നഷ്‌ടമായ ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ മാത്രം അകലെ. ഇന്ത്യൻമഹാസമുദ്രത്തിൽ റോക്കറ്റ് പതിച്ചയായി ചൈനീസ് സ്‌പേസ് ഏജൻസി തന്നെയാണ് സ്ഥിരീകരിച്ചത്. കൃത്യമായി റോക്കറ്റ് പതിച്ച സ്ഥലം സംബന്ധിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും കേരളവുമായി വലിയ അകലം ഇല്ലായിരുന്നുവെന്നാണ് സൂചനകൾ.
റോക്കറ്റ് മാലിദ്വീപിന്‍റെ പടിഞ്ഞാറു ഭാഗത്ത് വീണതായിട്ടാണ് ചൈനീസ് സ്‌പേസ് ഏജൻസി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയിൽ നിന്ന് വായു മാർഗം 1448 കിലോമീറ്റർ ദൂരമേയുള്ളൂ. യു.എസ് സ്‌പേസ് ഏജൻസിയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും റഷ്യൻ സ്‌പേസ് ഏജൻസിയും റോക്കറ്റ് പതിക്കുന്ന കാര്യത്തിൽ വ്യത്യസ്‌തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്.
എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല. ശനിയാഴ്ച്ച രാത്രി 11.30-നോടടുത്ത് പതിച്ചിരുന്നുവെങ്കിൽ അത് ന്യൂയോർക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നു എന്നാണ് യു.എസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്.
എന്നാൽ റോക്കറ്റിന്‍റെ വേഗത പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കൻഡിൽ നാലു മൈൽ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്‍റെ ചിത്രങ്ങൾ യൂറോപ്യൻ സ്‌പേസ് ഏജൻസി പുറത്തു വിട്ടിരുന്നു.
ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യക്ക് അരികിലായി പതിക്കുമെന്ന കാര്യം റോക്കറ്റ് പതിച്ച ഒൻപതിനു പുലർച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യക്ക് സമീപം വീഴുമെന്നാണ് റഷ്യൻ സ്‌പേസ് ഏജൻസി പ്രവചിക്കുന്നത്. എന്നാൽ റോക്കറ്റിന്‍റെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ കത്തിപ്പോകും എന്നും അവശേഷിക്കുന്നത് സമുദ്രത്തിൽ പതിക്കുമെന്നും ആയിരുന്നു ചൈനീസ് വാദം. ഇപ്പോൾ അതാണ് ഏതാണ്ട് ശരിയായിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി ലോകത്തെ മുൾമുനയിൽ നിർത്തിയ ഈ സംഭവത്തിൽ ചൈനയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ റോക്കറ്റുകളിൽ ഒന്നാണ് ഇപ്പോൾ കടലിൽ പതിച്ച ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് എന്നാണ് വിവരം. ഇതിന് 21 ടണ്ണോളം വിക്ഷേപണസമയത്ത് ഭാരമുണ്ടായിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോൾ 18 ടൺ ആയിരുന്നു ഭാരം. ഇതിലെത്ര മാത്രം കടലിൽ പതിച്ചിട്ടുണ്ടെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂർ കഴിഞ്ഞാണ് റോക്കറ്റ് ഭൂമിയിൽ പതിച്ചത്. എന്നാൽ സമയം നീണ്ടു പോയിരുന്നുവെങ്കിൽ ഇത് ഓസ്‌ട്രേലിയുടെയോ ന്യൂസിലണ്ടിന്‍റെയോ ജനവാസമേഖലയിൽ വീഴുമായിരുന്നു എന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മെയിൽ സമാനമായ സംഭവം ചൈനയുടെ ഭാഗത്ത് നിന്നും സംഭവിച്ചിരുന്നു. അന്ന് ഭൂമിയിലേക്ക് പതിച്ച റോക്കറ്റിന്‍റെ അവിശിഷ്‌ടം ഐവറി കോസ്റ്റിന് സമീപം വീണ് നിരവധി കെട്ടിടങ്ങക്ക് തകരാർ വരുത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: