ചാത്തന്നൂർ: വീട്ടുകാർ ക്വറന്‍റൈനിൽ കഴിയവെ കുഴഞ്ഞു വീണ ഗർഭിണിയായ പശുവിന് രക്ഷകരായി മൃഗ സംരക്ഷണ വകുപ്പ്. ഏഴ് മാസം പ്രായമുള്ള പശുവിനെയാണ് പിപിഇ കിറ്റണിഞ്ഞെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്.
കല്ലുവാതുക്കൽ പഞ്ചായത്തിൽ വരിഞ്ഞത്ത് ഷാജി ഭവനിൽ സണ്ണി പാപ്പച്ചന്‍റെ വീട്ടിലായിരുന്നു സംഭവം. സണ്ണിയും കുടുംബവും കോവിഡ് രോഗ ലക്ഷണം പ്രകടമായതിനെ തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിലായിരുന്നു. മികച്ച കർഷകൻ കൂടിയാണ് സണ്ണി. എന്നാൽ വീട്ടിലെ തൊഴുത്തിൽ നിന്ന പശു കിടന്നിടത്ത് നിന്നും എഴുന്നേൽക്കാനാകാതെ കിടക്കുകയായിരുന്നു.
കൈകാലിട്ടടിച്ച പശുവിന്‍റെ ഒരു കൊമ്പ് ഒടിയുകയും ചെയ്‌തു. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ജനപ്രതിനിധികളെയും ക്ഷീര സംഘം ഭാരവാഹികളെയും അറിയിക്കുകയായിരുന്നു.
വീട്ടുകാർ ക്വാറന്‍റൈനിലായതിനാൽ പശുവിനെ രക്ഷിക്കാൻ ആരും തയാറായതുമില്ല. ഇതോടെ ഡോ. ശ്യാം സുന്ദർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ടു പി പി ഇ കിറ്റുകൾ എസ്.പി.സിയുടെ സഹായത്തോടെ കല്ലുവാതുക്കലിൽ എത്തിച്ചു.
ഡോ. ശ്യാം സുന്ദറും സുഭാഷും ഇത് ധരിച്ച് ആവശ്യമായ മരുന്നുകളുമായി വീട്ടിലെത്തി. പശുവിനെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ കുത്തിവച്ചു. ഒടിഞ്ഞു പോയ കൊമ്പിലും മരുന്ന് വച്ച് ഡ്രസ് ചെയ്‌തു. മണിക്കൂറുകൾക്കകം പശു സ്വയം എഴുന്നേറ്റ ശേഷമാണു വെറ്റിനറി ഉദ്യോഗസ്ഥർ തിരികെ പോയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: