കഷണ്ടിയും കോവിഡും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പഠനം. ഈ വർഷത്തെ യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജി (eadv) സിമ്പോസിയത്തിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്. ഡോ. ആൻഡി ഗോരൻ ആണ് പഠനത്തിനു നേതൃത്വം നൽകിയത്.
കഷണ്ടി ബാധിച്ചവരിൽ കോവിഡ് 19 വൈറസ് ബാധ ഗുരുതരമാകാൻ 2.5 ഇരട്ടി സാധ്യത കൂടുതലാണെന്നാണ് സംഘത്തിന്‍റെ കണ്ടെത്തൽ. 50 വയസ് പിന്നിട്ട പുരുഷന്മാരിൽ ഏതാണ്ട് പകുതി പേർക്ക് കഷണ്ടിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ കോവിഡിനെതിരായ പുതിയ ചികിത്സ രീതികളിലേക്കും മരുന്നിലേക്കുപോലുമുള്ള സാധ്യതയാണ് തുറക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
പുരുഷൻമാരിൽ കഷണ്ടിക്ക്കാരണമാകുന്നത് ശരീരത്തിലെ ആൻഡ്രോജൻ റിസെപ്റ്റർ (എആർ) ജീനിലുണ്ടാവുന്ന വ്യതിയാനങ്ങളാണ്. ഈ ജീനുകളാണ് പുരുഷ ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോണിനെയും ആന്‍റോസ്‌റ്റിറോണിനെയും നിയന്ത്രിക്കുന്നത്. tmpress2 എന്ന് വിളിക്കുന്ന എൻസൈമുകളുടെ കാര്യത്തിലും ആൻഡ്രോജൻ ഹോർമോണുകൾ സ്വാധീനം ചെലുത്താറുണ്ട്. ഈ tmpress2 എൻസൈമുകൾക്ക് കോവിഡ് 19 രോഗത്തിന്‍റെ രൂക്ഷതയെ സ്വാധീനിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.
കഷണ്ടിയുള്ള പുരുഷൻമാരിലും ഇല്ലാത്ത പുരുഷൻമാരിലും കോവിഡ് വ്യത്യസ്‌ത രീതിയിൽ ബാധിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പഠനം നടത്തിയത്. കഷണ്ടിയുള്ള കോവിഡ് 19 ബാധിച്ചവരിൽ 79 ശതമാനത്തിനും ഗുരുതവസ്ഥയിലേക്ക് പോകുന്നുണ്ട്. നേരെ മറിച്ച് കഷണ്ടിയില്ലാത്ത ഇതേ പ്രായക്കാരിലും ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ ശതമാനം 31 നും 53 നും ഇടയ്ക്കാണ്. കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 65 പുരുഷന്മാരിലാണ് സംഘം വിശദമായ പഠനം നടത്തിയത്.
തങ്ങളുടെ കണ്ടെത്തലുകൾ വഴി കോവിഡ് 19 രോഗത്തിനുള്ള പുതിയ ചികിത്സ മാർഗം തുറന്നു കിട്ടുമോ എന്നതാണ് ഇപ്പോൾ ഡോ. ഗോരനും സംഘവും വിശദമായി പഠിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: