ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷൻമാരിലും വ്യത്യസ്‌തമാണെന്നാണ് വിദഗ്‌ദർ പറയുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹൃദയത്തിന് വലിപ്പം കുറവായിരിക്കും. ഹൃദയ അറകളുടെ കാര്യത്തിലും, ഹൃദയഭിത്തികളുടെ കാര്യത്തിലും ഈ വ്യത്യാസം കാണാനാകും.
പുരുഷന്മാരേക്കാൾ കുറഞ്ഞ അളവിലാണ് പൊതുവിൽ സ്ത്രീകളുടെ ഹൃദയത്തിൽ രക്തം പമ്പ് ചെയ്യപ്പെടുന്നത്. സമ്മർദ്ദങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ സ്ത്രീകളിൽ പൾസ് റേറ്റ് കൂടുകയും രക്തം കൂടുതലായി പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. പുരുഷന്മാരിലാണെങ്കിൽ ഹൃദയധമനികൾ ചുരുങ്ങുകയും ബിപി വർധിക്കുകയാണ് ഉണ്ടാകുന്നത്.
ലക്ഷണങ്ങളിലെ വ്യത്യാസം
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന നെഞ്ചുവേദന എല്ലായ്‌പോഴും പ്രകടമാകണമെന്നില്ല.
ചില സ്ത്രീകളിൽ ഹൃദയാഘാതം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇത് ശ്രദ്ധയിൽ പെടാതെ കടന്നു പോകാം. വേദനയ്ക്ക് പകരം ഹൃദയമിരിക്കുന്നയിടത്ത് എന്തോ നിറയുന്നതായി തോന്നുക, കൈകളിലും മുതുകിലും വേദന, കഴുത്തിലും താടിയെല്ലിന്‍റെ ഭാഗങ്ങളിലും വേദന, കാലുകളിൽ വേദന, ചില സന്ദർഭങ്ങളിൽ വയറുവേദന, അടിവയറ്റിൽ വലിയ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകളിൽ ഹൃദയാഘാതത്തിന്‍റെ ഭാഗമായി വരുന്നു.
ചില സ്ത്രീകളിൽ ശ്വാസതടസം, ഓക്കാനം, തലകറക്കം, അമിതമായ വിയർപ്പ് ഇത്തരം ലക്ഷണങ്ങളും ഹൃദയാഘാതത്തിന്‍റേതായി കാണാം. അത് പോലെ അസഹനീയമായ ക്ഷീണവും ചിലർ അനുഭവിക്കാം. സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതാണ് ഇത്തരം സങ്കീർണതകളെല്ലാം ഒഴിവാക്കാൻ ഉത്തമം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: