ജെറുസലേം: ഹമാസും ഇസ്രയേലും തമ്മിൽ പോരാട്ടം മൂർഛിച്ചതോടെ ഭീതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയാണ് ഇസ്രയേൽ അതിർത്തി പ്രദേശങ്ങളിൽ യുദ്ധ സമാന അന്തരീക്ഷം പൊട്ടിപ്പുറപ്പെട്ടത്. പൊരാട്ടത്തിന് ആഹ്വാനം ചെയ്‌ത് ഇസ്രയേൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബുധനാഴ്ച്ച ഗാസയ്ക്ക് മേൽ വൻ വ്യോമാക്രമണമായിരുന്നു ഇസ്രായേൽ നടത്തിയത്. ടെൽ അവീവിലേക്കും ബീർഷെബയിലും പാലസ്‌തീനും ഇസ്ലാമിക ഗ്രൂപ്പുകളും റോക്കറ്റ് ആക്രമണവും നടത്തി. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഒരു വലിയ കെട്ടിടം തകരുകയും ഹമാസ് രഹസ്യാന്വേഷണ വിഭാഗത്തിലെ അനേകം നേതാക്കൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ഗാസയിൽ 2014 നു ശേഷം ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു ഇത്. വലിയൊരു യുദ്ധത്തിലേക്ക് പോകാനുള്ള സാഹചര്യം നില നിൽക്കുന്നതിനാൽ വെടിവെപ്പ് അടിയന്തിരമായി അവസാനിപ്പിക്കണം എന്ന് യുഎന്നിന്‍റെ മധ്യേഷ്യൻ പ്രതിനിധി ടോർ വാണിസ്ലാൻഡ് ആവശ്യപ്പെട്ടു.
ബുധനാഴ്ച്ച പുലർച്ചെ സമയത്ത് ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ വീടുകൾ കുലുങ്ങിയെന്നും ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു എന്നും ഗാസക്കാർ പറയുന്നു.
ആകാശത്ത് മിസൈലുകളും സ്ഫോടനങ്ങളും തുടങ്ങിയപ്പോൾ തന്നെ ഇസ്രായേൽ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. അറബ്-ഇസ്രായേൽ വംശജർ സംയുക്തമായി കഴിയുന്ന ടെൽ അവീവിനു സമീപത്തെ ലോഡിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വാഹനത്തിൽ റോക്കറ്റ് വന്നു പതിച്ചതിനെ തുടർന്ന് ഒരു ഏഴ് വയസുകാരി ഉൾപ്പെടെയുള്ളവരാണ് മരണമടഞ്ഞതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ നഗരത്തിലേക്ക് നടത്തിയ ബോംബ് ആക്രമണത്തിന് പ്രതികാരമായി ബേർശേസഭയിലേക്കും ടെൽ അവീവിലേക്കുമായി 210 റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്.
കിഴക്കൻ ജറുസലേമിൽ നിന്നും പാലസ്‌തീൻ കുടുംബങ്ങളെ ജൂതർ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പട്ട് കോടതി മാറ്റി വച്ചിരുന്ന കേസ് പ്രചാരണ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. അതെ സമയം യുദ്ധം ഉടൻ അവസാനിക്കുന്നതിന് ലക്ഷണമില്ലെന്നാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: