ഇടുക്കി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിഞ്ഞത് രണ്ട് വർഷം മാത്രം. ആറ് മാസത്തിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിക്കാനിരിക്കെയാണ് ഹമാസ് ആക്രമണം സൗമ്യയുടെ ജീവനെടുക്കുന്നത്. അടിമാലി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്‍റെ ഭാര്യ സൗമ്യ (32)യുടെ മരണ വാർത്ത ഇന്നലെയാണ് പുറത്തു വരുന്നത്.
ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന വീട്ടിലേക്ക് ഷെല്ല് പതിക്കുന്നത്. ഭാര്യയെ പുകപടലം മൂടുന്നത് സന്തോഷ് ഫോണിലൂടെ കണ്ടിരുന്നു. പത്ത് വർഷം മുമ്പായിരുന്നു സന്തോഷിന്‍റെയും സൗമ്യയുടെയും വിവാഹം. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇരു മതസ്ഥരായതിനാൽ തന്നെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം.
എന്നാൽ വിവാഹ ശേഷം സൗമ്യ എട്ട് വർഷത്തോളം ഇസ്രയേലിൽ ജോലിയിലായിരുന്നു. മകനൊപ്പം ഒരു വർഷം മാത്രമാണ് സൗമ്യ കഴിഞ്ഞിട്ടുള്ളത്. വിവാഹത്തിനു പിന്നാലെ സാമ്പത്തിക പ്രസിതന്ധി രൂക്ഷമായതാണ് സൗമ്യയെ ജോലി തേടി ഇസ്രയേലിൽ പോകാൻ പ്രേരിപ്പിച്ചത്.

രണ്ടു വർഷം മുമ്പാണ് അവസാനം നാട്ടിലെത്തിയത്. നാട്ടിൽ സ്ഥലം വാങ്ങി പുതിയ വീട് വച്ച് താമസിക്കാൻ തയാറെടുക്കുകയായിരുന്നു സന്തോഷും സൗമ്യയും. എന്നാൽ എല്ലാ സ്വപ്‌നങ്ങളും ബാക്കിയാക്കിയാണ് സൗമ്യ വിടവാങ്ങിയത്. അതേസമയം സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: