
പാല: പരീക്ഷയ്ക്കായി പോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വെള്ളിയേപ്പള്ളി സ്വദേശിനിയായ ടിന്‍റു മരിയ ജോൺ എന്ന ഇരുപത്തിയാറുകാരിക്ക് നേരെ ആക്രമണമുണ്ടായത്. രാവിലെ പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ടിന്‍റുവിനെ പിന്നീട് റോഡിൽ ചോര വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം ആക്രമണം നടത്തിയ പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ അമ്മാവൻ സന്തോഷ് എന്ന സന്തോഷ് (61) അറസ്റ്റിലായി. അതേസമയം നാടിനെ നടുക്കിയ സംഭവത്തിൽ പ്രതിയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആക്രമിക്കപ്പെട്ട 26 കാരിയുമായി അടുപ്പത്തിലായിരുന്നുവെന്നും ഒഴിവാക്കാനാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് സന്തോഷ് നൽകിയിരിക്കുന്ന മൊഴി. മുമ്പ് കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സന്തോഷ് ഇപ്പോൾ പാലായിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്.
ക്രിമിനൽ കേസിൽ പ്രതിയുമാണ് ഇയാൾ. തീർഥാടന കേന്ദ്രങ്ങളിലും മറ്റും സന്തോഷിന്‍റെ ഓട്ടോറിക്ഷയിലാണ് യുവതി യാത്ര ചെയ്‌തിരുന്നത്. ഈ യാത്രക്കിടെ ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയുമായി അടുത്തെങ്കിലും പിന്നീട് യുവതി ഒന്നിച്ച് ജീവിക്കണം എന്നാവശ്യപ്പെട്ടതോടെ ഒഴിവാകാൻ ശ്രമിച്ചു. എന്നാൽ യുവതി വിടാതെ പിന്തുടർന്നതോടെ യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് ആക്രമിക്കപ്പെട്ട ദിവസം പുലർച്ചെ വീട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് നാടു വിട്ടു പോകാനാണ് പുലർച്ചെ യുവതി വീട്ടിൽ നിന്നും പരീക്ഷയ്ക്കെന്നു പറഞ്ഞ് ഇറങ്ങിയത്. റോഡിൽ കാത്തു നിന്ന സന്തോഷ് യുവതിയെ കമ്പിപ്പാരയുപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അടിയേറ്റ് ചോര വാർന്ന് വീണ യുവതിയെ ഉപേക്ഷിച്ച് കടന്ന സന്തോഷ് പിന്നീട് സ്റ്റാൻഡിൽ ഓട്ടോറിക്ഷയുമായി ഇറങ്ങിയപ്പോഴാണ് പൊലീസ് പൊക്കിയത്.
ബന്ധുവിന്‍റെ സാൻട്രോ കാറുമായിട്ടാണ് സന്തോഷ് യുവതിയെ കൊലപ്പെടുത്താൻ എത്തിയത്. യുവതിയുടെ വീടിനു 100 മീറ്റർ അകലെ വച്ചായിരുന്നു ആക്രമണം. സന്തോഷ് ആക്രമിച്ചപ്പോൾ യുവതി പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്നാലെ ഓടിയ സന്തോഷം നിരവധി തവണ തലയ്ക്ക് അടിച്ചു.
യുവതി മരിച്ചെന്ന് കരുതി അവരുടെ ഫോണും കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവ് നശിപ്പിക്കാനായി യുവതിയുടെ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് പതിവ് പോലെ ഓട്ടോയുമായി പാലാ ടൗണിൽ എത്തുകയായിരുന്നു.
വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ രാവിലെ വ്യായാമം ചെയ്യാനിറങ്ങിയവരാണ് ആദ്യം കാണുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പാലാ സിഐ സുനിൽ തോമസ് മഫ്തിയിൽ എത്തിയാണ് സന്തോഷിനെ പിടികൂടിയത്. പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍റെ നേതൃത്വത്തിൽ, എസ്.എച്ച്.ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്ഐ ശ്യാംകുമാർ കെഎസ്, എസ്ഐ തോമസ് സേവ്യർ, എഎസ്ഐ ഷാജിമോൻ എടി എന്നിവരുടെ നേതൃത്വത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്. അതേസമയം യുവതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: