
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യ വ്യാപകമായി വാക്‌സിനേഷൻ പുരോഗമിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ പലപ്പോഴും ആരോഗ്യ വകുപ്പിനും വെല്ലുവിളിയാകുയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പ്രചരിച്ച ഒന്നായിരുന്നു സ്ത്രീകൾ ആർത്തവ സമയത്ത് വാക്‌സിൻ സ്വീകരിക്കരുതെന്നത്.
എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സ്ത്രീകൾ അവരുടെ ആർത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആർത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം.
"സ്ത്രീകൾ അവരുടെ ആർത്തവചക്രത്തിന് മുമ്പും ശേഷവും കോവിഡ് 19 വാക്‌സിൻ എടുക്കരുതെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളിൽ വീഴരുത് ' - പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിൽ വ്യക്തമാക്കി.
ആർത്തവകാലത്ത് സ്ത്രീകളിൽ പ്രതിരോധശേഷി കുറവായിരിക്കുമെന്നും അതു കൊണ്ടു തന്നെ ആർത്തവചക്രത്തിന് മുമ്പും പിമ്പുമുള്ള അഞ്ചു ദിവസങ്ങളിൽ കോവിഡ് വാക്‌സിൻ എടുക്കരുതെന്നും ആയിരുന്നു വ്യാജസന്ദേശത്തിലെ ഉള്ളടക്കം.
സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം എത്തിയതിനു പിന്നാലെ തന്നെ ആരോഗ്യ വിദഗ്ദരും ഡോക്‌ടർമാരും ഇത് വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ തന്നെ വ്യാജ സന്ദേശത്തിനെതിരെ രംഗത്തെത്തിയത്.
സ്ത്രീകളുടെ ആർത്തവം ഒരു തരത്തിലും വാക്‌സിനെ ബാധിക്കില്ലെന്നും കഴിവതും വേഗം വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേ സമയം, മെഡിക്കൽ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ട മറ്റൊരു ട്വിറ്റർ ഉപയോക്താവ് താൻ വാക്‌സിൻ സ്വീകരിച്ചത് ആർത്തവ സമയത്താണെന്നും വ്യക്തമാക്കി.
മെയ് ഒന്നുമുതൽ കേന്ദ്രസർക്കാർ 18 വയസിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത് ജനുവരി 16 മുതലായിരുന്നു. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആയിരുന്നു ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ.
govt-says-about-taking-covid-vaccine-in-menustration-period
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: