
ഇടുക്കി: ഉറങ്ങാൻ കിടന്ന വയോധികയെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൊലയാളിക്കായി വലവിരിച്ച് പൊലീസ്. കട്ടപ്പന പൊലീസിന്‍റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച്ച പുലർച്ചെ നാലരയോടെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മ (60)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോർജാണ് ചിന്നമ്മയെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയും ഇവർ ഉടൻ തന്നെ ചിന്നമ്മയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അതേസമയം ചിന്നമ്മയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ വന്നതോടെയാണ് സംഭവം കൂടുതൽ ദൂരൂഹമാകുന്നത്. മുറിയിൽ ചലനമറ്റ് കിടന്ന ചിന്നമ്മയുടെ മുഖത്ത് രക്തപാടുകൾ ഉണ്ടായിരുന്നതായി ആദ്യം കണ്ട അയൽവാസികൾ പറയുന്നുണ്ട്.
എന്നാൽ ശരീരത്തിൽ മുറിപാടുകളോ ബലം പ്രയോഗിച്ച പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാലയും വളയും ഉൾപ്പെടെ നാല് പവനോളം സ്വർണം നഷ്‌ടമായിട്ടുണ്ട്. ഇവ ബല പ്രയോഗത്തിലൂടെ അഴിച്ചെടുത്ത ലക്ഷണങ്ങളും കാണാനില്ല. വീടിന്‍റെ പിൻഭാഗത്തെ വാതിൽ ചാരിയ നിലയിലായിരുന്നു.
എന്നാൽ ഇന്നലെ കൊലപാതകം നടന്ന വീട്ടിൽ പൊലീസും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല നടത്തിയത് മോഷ്‌ടാവാണെങ്കിൽ വീടിനുള്ളിൽ വിരലടയമാളമോ, കാൽപാടുകളോ കണ്ടെത്തേണ്ടതാണ്. എന്നാൽ ഇത്തരത്തിൽ ഒരു പാടുകളും കണ്ടെത്താൻ കഴിയാത്തതാണ് കേസിൽ പൊലീസിനെയും കുഴയ്ക്കുന്നത്. ജോർജും ചിന്നമ്മയും മാത്രമാണ് വീട്ടിൽ താമസം.
വീടിനു പുറത്തു നിന്നുള്ള ആളാണ് കൊല നടത്തിയതെങ്കിൽ കൊലയാളി വൻ ആസൂത്രണം നടത്തിയിട്ടുള്ളതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു ശേഷം തെളിവുകൾ നശിപ്പിച്ച ശേഷമാണ് കൊലയാളി വീട് വിട്ടത്. യാതൊരു ശബ്ദവും പുറത്ത് കേൾക്കാതെ ഇത്തരം കൃത്യം നടത്തണമെങ്കിൽ വീടുമായി അത്രയധികം ബന്ധമുള്ള ആൾ ആകണം കൊലയാളിയെന്നും പൊലീസ് കരുതുന്നു.
കൃത്യമായ ആസൂത്രണം നടത്തി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം കൊലയാളി നടത്തിയിട്ടുണ്ടെന്നാണ് പൊലീസും സംശയിക്കുന്നത്. അതേസമയം ഇവരുടെ ഭർത്താവ് ജോർജ് അടക്കമുള്ളവരെ പൊലീസ് വീണ്ടും വിശദമായി മൊഴിയെടുക്കും. വീടുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊലയാളിയെ കുറിച്ച് നിലവിൽ സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ പ്രതിയെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: