കൊച്ചി: വാർത്താ ചാനലായ മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചു. നടപടിക്കെതിരെ മീഡിയ വൺ നൽകിയ ഹർജി തള്ളി. അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് എൻ നഗരേഷിന്‍റെ ഉത്തരവ്.
സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ചാനലിന്‍റെ സംപ്രേക്ഷണം തടഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകൾ പരിശോധിച്ചപ്പോൾ, വിലക്കിന് കാരണമായി പറയുന്ന കാര്യങ്ങളിൽ വസ്‌തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവിൽ പറയുന്നു.
ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്‍റെ അനുമതി വിലക്കിയതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാനലിന്‍റെ വിലക്കിന് കാരണമായി പറയുന്ന ഇന്‍റലിജൻസ് വിവരങ്ങൾ ഉള്ള ഫയലുകൾ ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഫയലുകൾ ഹാജരാക്കിയത്. ഫയലിലെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചാനലിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത് മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: