
സ്നേഹത്തിന്‍റെ ആഴം അളക്കാൻ കൈകൾ പരസ്‌പരം ബന്ധിച്ച കമിതാക്കളുടെ വാർത്ത ലോക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വാളന്‍റൈൻ ദിനത്തിലാണ് ഉക്രൈൻ സ്വദേശികളായ പുസ്റ്റൊവിറ്റോവയും കാമുകൻ അലക്സാണ്ടർ കഡ്‌ലേയും വാർത്തകളിൽ ഇടം നേടിയത്. പരസ്‌പരമുള്ള സ്നേഹത്തിന്‍റെ ആഴം അളക്കാൻ ഇരുവരും കൈകൾ ചങ്ങല ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. 123 ദിവസമാണ് ഇത്തരത്തിൽ ഇവർ ബന്ധിക്കപ്പെട്ട് കഴിഞ്ഞത്.
കമിതാക്കളുടെ ചങ്ങലയിലുള്ള ജീവിതം ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്‌തു. ശുചിമുറി ഉപയോഗിക്കുമ്പോൾ പോലും ഇരുവരും ചങ്ങല വേർപെടുത്തിയിരുന്നില്ല. അതേസമയം 123 ദിവസത്തിനു ശേഷം ചങ്ങല വേർപെടുത്തിയപ്പോൾ സംഭവിച്ചതാവട്ടെ പ്രതീക്ഷയ്ക്ക് വിരുദ്ധവും. പരസ്‌പരം ഒന്നിച്ചു ജീവിക്കാനില്ലെന്നാണ് ഇപ്പോൾ കമിതാക്കളുടെ നിലപാട്. വലിയ കട്ടർ ഉപയോഗിച്ചാണ് ഇരുവരുടെയും ചങ്ങല മുറിച്ചു മാറ്റിയത്.
ഇതോടെ രണ്ടുപേരും രണ്ട് വഴിക്ക് യാത്രയാകുകയായിരുന്നു. തനിക്ക് തന്‍റെ സ്വതന്ത്ര ജീവിതം ആസ്വദിക്കണമെന്നാണ് ഇപ്പോൾ യുവതി പറയുന്നത്. ചങ്ങലയിൽ നിന്നും മോചിതയായതോടെ വിക്‌ടോറിയ തുള്ളിച്ചാടുകയായിരുന്നു. അവസാനം താൻ സ്വതന്ത്രയായി എന്നാണ് അവർ വിളിച്ചു കൂവിയത്.
ചങ്ങലകളാൽ ബന്ധിക്കപ്പെട്ടതോടെ വിക്‌ടോറിയയ്ക്ക് തന്‍റെ ജീവിത്തിന്‍റെ താളം തെറ്റിയതുപോലുള്ള അനുഭവമായിരുന്നുവെന്ന് അലക്‌സാണ്ടർ പറയുന്നു. തന്‍റെ സാമിപ്യമുള്ളപ്പോൾ അവൾക്ക് ചെയ്യുന്ന കാര്യങ്ങൾ തുറന്ന മനസോടെ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതിനിടെ വിക്‌ടോറിയയുടെ മേക്കപ്പ് സമയങ്ങളിൽ തനിക്ക് വല്ലാത്ത വിരസത തോന്നയെന്നും അലക്സാണ്ടർ പറയുന്നു.
ആദ്യത്തെ ദിവസങ്ങൾക്ക് ശേഷം തങ്ങൾക്കിടയിൽ കനത്ത നിശബ്ദത വീഴാൻ തുടങ്ങി. പറയാൻ ഒന്നും ബാക്കിയില്ലാത്തതു പോലെ. പുറത്തിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരാൻ കൊതിച്ചു പോയ നിമിഷങ്ങളായിരുന്നു അതെന്നും അവർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: