ഇടുക്കി: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ സദാചാര ഗുണ്ടായിസം. കുമളി റോസാപ്പൂക്കണ്ടത്താണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ രണ്ടു മണിക്കൂറോളം കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിനു പിന്നിൽ ലഹരി സംഘങ്ങളാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. റോസാപ്പൂക്കണ്ടത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് പോയ കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.
പോകുന്ന വഴിയിൽ ഒപ്പം പഠിച്ച പെൺകുട്ടിയെ കാണുകയും വർത്തമാനം പറയുകയും ചെയ്‌തിരുന്നു. ഇത് കണ്ടു കൊണ്ട് വന്ന ലഹരി സംഘം ആൺകുട്ടികളെ സദാചാര പൊലീസ് ചമഞ്ഞ് പിടിച്ചു നിർത്തുകയായിരുന്നു. തുടർന്ന് റോസാപ്പൂക്കണ്ടത്തിനു സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോയ കുട്ടികളെ രണ്ടു മണിക്കൂറോളം കെട്ടിയിട്ടായിരുന്നു ഉപദ്രവം.
കുട്ടികളെ കമ്പിവടി കൊണ്ടും, ബിയർ കുപ്പി ഉപയോഗിക്കും മർദിച്ചു വെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിനിടയിൽ 50,000 രൂപ തന്നാൽ വെറുതെ വിടാമെന്ന് അക്രമി സംഘം പറഞ്ഞതായും കുട്ടികൾ പറഞ്ഞു. കൈവശമുണ്ടായിരുന്ന ചെയിൻ, മൊബൈൽ ഫോൺ എന്നിവ സംഘം തട്ടിയെടുത്തിട്ടുണ്ട്. കുട്ടികളെ കുമളിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മൊഴിയെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: