
ഇടുക്കി: മദ്യലഹരിയിൽ പട്ടാളക്കാരനെ മദ്യക്കുപ്പികൊണ്ട് തലക്കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. നെടുങ്കണ്ടം പൊലീസാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തത്. മർദനമേറ്റ പട്ടാളക്കാരന്‍റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. നെടുങ്കണ്ടം കുഞ്ഞൻകോളനി ബ്ലോക്ക് നമ്പർ 311-ൽ അംജിത്ത് ബാബു (22), കല്ലാർ പാറ പാലക്കാപറമ്പിൽ അമൽ അശോകൻ (22), ചക്കകാനം വാവനകുളങ്ങര അജീഷ് ഗോപി (22), ആശാരിക്കണ്ടം തട്ടാറാത്ത് അമൽ സലി (19), ഇല്ലിപ്പാലം നെല്ലിക്കുന്നേൽ ബിബിൻ ബെന്നി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 13-ന് രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികളും പട്ടാളക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പത്തോളം വരുന്ന പ്രതികൾ ചേർന്ന് മർദിക്കുകയുമായിരുന്നു. മദ്യകുപ്പിക്ക് തലക്കടിയേറ്റ് നിലത്തുവീണ പട്ടാളക്കാരന്‍റെ രണ്ട് കൈകളും പ്രതികൾ ചവിട്ടിയൊടിച്ചതായി പൊലീസ് പറഞ്ഞു.
പൊലീസ് കേസെടുത്തതിനെത്തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. തുടർന്ന് വന്ന ലോക്ക് ഡൗൺ മൂലം പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ വീട്ടിലെത്തിയ അക്രമി സംഘത്തിലെ ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെതുടർന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നെടുങ്കണ്ടം സി.ഐ. വി.എ.സുരേഷിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. എ.കെ.സുധീർ, എസ്.ഐ. പി.ജെ.ചാക്കോ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മുജീബ്, സെറീന, ബിബിൻ, പ്രിജിൻസ്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: