കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെയാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എം.വി.ഡി ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. സ്ത്രീധനത്തെ തുടർന്നുണ്ടായ പീഡനത്തെ തുടർന്നാണ് വിസ്മയ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിക്കുന്നതിനെ കുറിച്ച് സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തു വന്നു. സംഭവം വൻ വിവാദമായതിനു പിന്നാലെയാണ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: