ഭോപ്പാൽ: ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് കൂട്ടക്കുളിക്കിറങ്ങിയ കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തി പൊലീസ്. ഭോപ്പാൽ പൊലീസിന്‍റെ നടപടിയാണ് വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. സംഭവത്തിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗൺ നിർദേശം മറികടന്നാണ് ഒരു കൂട്ടം കുട്ടികൾ നഗരത്തിലെ കുളത്തിൽ കുളിക്കാനെത്തിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ കൈയോടെ പൊക്കി. കുളിക്കാൻ ഇറങ്ങിയ കുട്ടികളുടെ വസ്ത്രങ്ങൾ പൊലീസ് ഒളിപ്പിച്ചു വക്കുകയാരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് അവരോട് കുളത്തിൽ നിന്ന് കരയിലേക്ക് കയറാൻ ആവശ്യപ്പെട്ട പൊലീസ് കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി.ഐ.പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു.
ആളുകൾ മുഴുവൻ നോക്കി നിൽക്കെയാണ് വിചിത്രവും മനുഷ്യത്വ വിരുദ്ധമായ ഈ ശിക്ഷാനടപടി പൊലീസ് സ്വീകരിച്ചത്. ഇതുകൂടാതെ കുട്ടികളോട് 25 തവണ സിറ്റ് അപ്പ് എടുക്കാനും പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഭോപ്പാൽ നഗരത്തിലെ പട്രോളിങ് സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന പൊലീസ് ജീവനക്കാരിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ഈ പ്രവൃത്തി ഉണ്ടായത്.
കുളത്തിലേക്ക് വരുന്ന സന്ദർശകരുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മുങ്ങൽ വിദഗ്ദ്ധർ ആ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പൊലീസിന്‍റെ സമീപനത്തിനെതിരെ നിശിതമായ വിമർശനമാണ് സമൂഹത്തിന്‍റെ പല കോണുകളിൽ നിന്നും ഉയരുന്നത്.
അന്വേഷണം പൂർത്തിയാകുന്നത് വരെ ആ ആൺകുട്ടികളെ ശിക്ഷിച്ച അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്ററിനെ താൽക്കാലികമായി ഒരു സബ് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് മുങ്ങൽ വിദഗ്ദ്ധരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: