കൊല്ലം: വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസിൽ അറസ്റ്റിലായ രേഷ്‌മയുടെ ഭർത്താവിന്‍റെ സഹോദര ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികൾക്കായി ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങി. ഇവർ ആറ്റിൽ ചാടിയോയെന്ന സംശയത്തെ തുടർന്നാണിത്. ഇരുവരും നടന്നു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ കാണാതായത്.
ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്‍റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചതെന്നാണ് രേഷ്‌മയുടെ മൊഴി. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്‍റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു.
ജനുവരി അഞ്ചിന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: