
ഇടുക്കി: കളിച്ചുകൊണ്ടിരിക്കെ വെള്ളം നിറഞ്ഞു കിടന്ന മാലിന്യ കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. ഉടുമ്പൻചോലയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം. ബംഗാൾ സ്വദേശികളായ സുഭാഷ്- മീനാക്ഷി ദമ്പതികളുടെ മകൻ ദീപക് ദാസാണ് മരിച്ചത്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് ഉടുമ്പൻചോല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ കുടുംബമായി താമസിച്ച് ജോലി ചെയ്യുകയാണ് സുഭാഷും മീനാക്ഷിയും. വ്യാഴാഴ്ച്ച വൈകിട്ട് 5.45നായിരുന്നു അപകടമെന്നാണ് ഇവരുടെ മൊഴി. ഇവർ താമസിക്കുന്ന വീടിനു സമീപം മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽപെയ്‌ത മഴയിൽ മാലിന്യ കുഴി വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു.
ഇതിനു സമീപത്തു നിന്ന് ദീപക്കും മറ്റു കുട്ടികളും കളിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ കുട്ടി കാൽ തെറ്റി കുഴിയിൽ വീഴുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ദീപകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: