ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ എട്ട് ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്‍റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ല. പരമാവധി ആളുകൾക്ക് ഇതിനോടകം വാക്‌സിൻ നൽകുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും എയിംസ് ഡയറക്റ്റർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമാണ് ജനങ്ങളിൽ നിന്നും കാണുന്നത്. കോവിഡിന്‍റെ ആദ്യ രണ്ടു തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി കാണുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാക്കുന്നു, ജനം ഒത്തു ചേരുന്നു. ദേശിയ തലത്തിൽ കേസുകളുടെ എണ്ണം ഉയരാൻ സമയം എടുക്കും. പക്ഷെ ആറ് മുതൽ എട്ട് വരെ ആഴ്ച്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകും. ചിലപ്പോൾ അത് കുറച്ച് നീണ്ടേക്കാം എന്നും ഡോ. ഗുലേറിയ പറഞ്ഞു.
ആഴ്ച്ചകൾ നീണ്ട അടച്ചിടലിന് ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ. കോവിഷീൽഡ് വാക്‌സിന്‍റെ ഇടവേള ദീർഘിപ്പിച്ചത് തെറ്റായ കാര്യമല്ല. കൂടുതൽ ആളുകൾക്ക് വാക്‌സിൻ സംരക്ഷണം ഒരുക്കുകയാണ് പ്രധാനം. വൈറസിന്‍റെ വകഭേദങ്ങളെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുണർത്തുന്നതാണ് എന്നും ഡോ. ഗുലേറിയ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Post A Comment: