കൊല്ലം: ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ രേഷ്‌മയുടെ ഭർത്താവ് വിഷ്‌ണു നാട്ടിലെത്തി. ഇന്നലെ പുലർച്ചെ ഗൾഫിൽ നിന്നും എത്തിയ വിഷ്‌ണു ബന്ധുവിന്‍റെ വീട്ടിൽ ക്വാറന്‍റൈനിലാണ്. അതേസമയം രേഷ്‌മയ്ക്ക് ഫെയ്‌സ് ബുക്ക് ഐഡി ഉണ്ടെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്ന് വിഷ്‌ണു പറയുന്നു.
കണ്ണുംപൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ രേഷ്‌മയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു. രേഷ്‌മയെ കണ്ണുമടച്ച് വിശ്വസിച്ചിരുന്നെന്നും വിഷ്‌ണു പറയുന്നു. നാല് മാസം മുമ്പാണ് വിഷ്‌ണു ഗൾഫിലേക്ക് പോയത്. ഇതിനു മുമ്പായിരുന്നു പുരയിടത്തിൽ നിന്നും പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ചും വിഷ്‌ണു ഓർത്തെടുത്തു. കുഞ്ഞിനെ പ്രസവിച്ചെന്നു പറയുന്ന ദിവസം ജോലി കഴിഞ്ഞ് രാത്രി 11 ഓടെയാണ് താൻ വീട്ടിൽ എത്തിയത്. രേഷ്‌മ തന്നെയാണ് വാതിൽ തുറന്നു തന്നത്. ഭക്ഷണം വിളമ്പി തന്ന ശേഷം കിടന്നുറങ്ങി.
രാവിലെ ജോലിക്ക് പോകാൻ എഴുന്നേറ്റ് പല്ലുതേക്കുന്നതിനിടെയിലാണ് പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഓടിവന്ന് കുഞ്ഞിനെ എടുത്തതും രേഷ്‌മയാണ്. എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്നതും രേഷ്‌മയാണ്. അതുകൊണ്ടു തന്നെ രേഷ്‌മയുടെ കുഞ്ഞാണ് അതെന്ന് തനിക്ക് ഒരു സംശയവും തോന്നയിരുന്നില്ല.
രേഷ്‌മയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു അഞ്ച് മിനിറ്റ് മുമ്പും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. മകളെ ഓർത്ത് മാത്രമാണ് താൻ നാട്ടിൽ എത്തിയത്. അല്ലെങ്കിൽ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നുവെന്നും വിഷ്‌ണു പറഞ്ഞു. നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ചതിനു പുറമേ സ്വന്തം അഛൻ, അമ്മ തുടങ്ങി എല്ലാവരെയും അവൾ പറ്റിച്ചു. ഒരാൾ ഒരു കാര്യം ഒളിപ്പിച്ചു വയ്ക്കാൻ തുനിഞ്ഞിറങ്ങിയാൽ എന്തു ചെയ്യാനാണെന്നും വിഷ്‌ണു ചോദിക്കുന്നു.
ഒരു ദിവസം രേഷ്‌മയെ വർക്കലയിൽ കണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ഫോണിൽ ചാറ്റ് ചെയ്യുന്നത് കണ്ട് നോക്കാൻ ഒരുങ്ങിയപ്പോൾ ഫോൺ ലോക്ക് ചെയ്‌തു. ലോക്ക് അഴിക്കാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചതോടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. രേഷ്‌മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നതെന്നും വിഷ്‌ണു പറഞ്ഞു. അതേസമയം രേഷ്‌മ ചാറ്റ് ചെയ്‌തതും സംസാരിച്ചതും അനന്ദു എന്ന അക്കൗണ്ടിലേക്കായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് വ്യാജമാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: