
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വരുമാനത്തിൽ 11 ശതമാനം വർധനവുണ്ടായതായി കണ്ടെത്തൽ. കേരള ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016-2021 കാലഘട്ടത്തിലാണ് ഈ വർധനവുണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വരുമാനത്തിൽ 3.31 കോടി രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന 84 എം.എൽ.എമാരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അവലോകനം ചെയ്‌താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളുമാണ് പ്രധാന വരുമാന മാർഗങ്ങളായി കാണിച്ചിരിക്കുന്നത്. ഭാര്യയുടെ വരുമാന ഉറവിടം പെൻഷനാണ്. 2016 ൽ1.07 കോടിയായിരുന്നു പിണറായി വിജയന്‍റെ ആസ്തി. ഇത് ഇപ്പോൾ 1.18 കോടി രൂപയായി ഉയർന്നു.
കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാനാർഥി അനൂപ് ജേക്കബിന്‍റെ ആസ്‌തിയിലും വർധനവുണ്ടായിട്ടുണ്ട്. 2016 ൽ 9.75 കോടി ആയിരുന്ന ആസ്‌തി 2021 ൽ 18.72 കോടി രൂപയായി. താനൂർ നിയോജക മണ്ഡലത്തിലെ നാഷണൽ സെക്യുലർ കോൺഫറൻസ് സ്ഥാനാർഥി വി. അബ്ദുറഹ്മാന്‍റെ ആസ്തിയിൽ 7.07 കോടി രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 2016 ൽ സ്വതന്ത്രർ ഉൾപ്പെടെ വിവിധ പാർട്ടികൾ രംഗത്തിറക്കിയ 84 എംഎൽഎമാരുടെ ശരാശരി ആസ്തി 2.18 കോടി രൂപയായിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം 2021 ൽ ഇവര്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോൾ ഈ 84 എംഎൽഎമാരുടെ ശരാശരി ആസ്തി 3.33 കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: