
ഇടുക്കി: വല വീശുന്നതിനിടയിൽ കാൽ വഴുതി ജലാശയത്തിലേക്ക് വീണു... രക്ഷിക്കാൻ ചാടിയ സുഹൃത്തും ആഴത്തിലേക്ക് താണു. ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായ സംഭവം അതിദാരുണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻ പാറയിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ഓടെ അപകടം സംഭവിച്ചത്.
മാട്ടുത്താവളത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (31) എന്നിവരെയാണ് കാണാതായത്. മാണിക്കകത്ത് രതീഷും (31) ഒപ്പമുണ്ടായിരുന്നു. നാലോടെയാണ് മൂവരും വലവീശി മീൻപിടിക്കാൻ സ്ഥലത്തെത്തിയത്. ജലാശയത്തിന്‍റെ വശത്തു നിന്ന് വല വീശുന്നതിനിടയിൽ ജോയിസ് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടു നിന്ന മനേഷ് ജോയിസിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി.
നല്ല ആഴമുണ്ടായിരുന്നതിനാൽ ഇരുവരും ആഴത്തിലേക്ക് താഴുകയായിരുന്നു. മനേഷിന് രക്ഷപെടാൻ അവസരം ഉണ്ടായിരുന്നെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ വീണ്ടും നീന്തുകയും ഒഴുക്കിൽ പെടുകയുമായിരുന്നു. കരയിൽ നിന്ന രതീഷിന് ഈ സമയം നിസഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. ഇയാൾ ഒച്ചവച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും ആഴത്തിലേക്ക് മുങ്ങിതാണിരുന്നു.
ശക്തമായ മഴയും ജലാശയത്തിലെ നീരൊഴുക്കും രക്ഷാ പ്രവർത്തനത്തിനു തടസമായി. വാഹനം എത്താത്ത പ്രദേശമായതിനാൽ പൊലീസിനും ഫയർഫോഴ്സിനും വനപാലകർക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടി വന്നു. രാത്രി 7.30 ഓടെയാണ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: