തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കന്യാകുമാരി ഭാഗത്തു നിന്നും രാവിലെ അറബിക്കടലിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി നവംബർ ഏഴ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയുമാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
നിലവിൽ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിലുമുള്ള ന്യൂനമർദം അടുത്ത മൂന്ന് ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കരുതുന്നത്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ന്യൂനമർദ സ്വാധീന ഫലമായി തെക്കെ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റും ശക്തിപ്രാപിച്ചേക്കും.
ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: