ഉറങ്ങാൻ ഇഷ്‌ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. എന്നാൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാറിയ സാഹചര്യങ്ങളെ തുടർന്ന് പലർക്കും സമയത്ത് ഉറങ്ങാനോ എഴുന്നേൽക്കാനോ സാധിക്കാറില്ല. എന്നാൽ ഉറക്കം ശരിയല്ലെങ്കിൽ അത് വിഷാദ രോഗത്തിനു വരെ കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്‌ദർ പറയുന്നത്.
സാധാരണയായി ദിവസവും ഉറങ്ങുന്ന സമയത്തിൽ നിന്നും ഒരു മണിക്കൂർ നേരത്തെ ഉറങ്ങുന്നത് ഒരു വ്യക്തിയുടെ വിഷാദ രോഗ സാധ്യത 23ശതമാനം വരെ കുറക്കുമെന്ന പഠന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. 8,40,000 പേരെ ഉൾപ്പെടുത്തി കൊളറാഡോ ബോർഡർ സർവകലാശാലയും ബ്രോഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് എംഐടിയും ഹാർവഡ് സർവകലാശാലയും ചേർന്നാണ് പഠനം നടത്തിയത്.
സാധാരണ വെളുപ്പിനെ ഒരു മണിക്ക് ഉറങ്ങുന്ന വ്യക്തി 12 മണിക്ക് ഉറങ്ങുകയും സാധാരണ ഉറങ്ങുന്ന അത്രയും നേരം ഉറങ്ങുകയും ചെയ്‌താൽ അയാളുടെ വിഷാദരോഗ സാധ്യത 23ശതമാനം കുറയും. ആ വ്യക്തി പതിനൊന്ന് മണിക്ക് ഉറങ്ങിയാൽ വിഷാദരോഗ സാധ്യത 40 ശതമാനം വരെ കുറയാം. ക്ലോക്ക് ജീൻ എന്നറിയപ്പെടുന്ന PER2 ഉൾപ്പെടെ 340 ലധികം ജനിതക വകഭേദങ്ങൾ വ്യക്തിയുടെ ഉറങ്ങുന്ന സമയത്തിന്‍റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേർ നേരത്തെ ഉറങ്ങി വെളുപ്പിനെ ഉണരുന്നവരാണ്. ഒൻപത് ശതമാനം പേർ രാത്രി വളരെ വൈകി ഉറങ്ങി പകൽ താമസിച്ച് എഴുന്നേൽക്കുന്നവരാണ്. ശേഷിക്കുന്നവർ ഈ രണ്ടു വിഭാഗത്തിന്‍റെയും ഇടയിലുള്ള സമയം ഉറങ്ങാനായി തെരഞ്ഞെടുക്കുന്നവരും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നവർക്ക് കൂടുതൽ പകൽ വെളിച്ചം ലഭിക്കുന്നുണ്ടെന്നും ഇതവരുടെ മാനസികാവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്ന ഹോർമോണാൽ മാറ്റങ്ങൾക്ക് വഴിവയ്ക്കാമെന്നും ഗവേഷകർ കരുതുന്നു.
എന്നാൽ സാധാരണ ഗതിയിൽ നേരത്തെ എഴുന്നേക്കുന്നവർ ഇനിയും ഒരു മണിക്കൂർ കൂടി നേരത്തെ എഴുന്നേറ്റാൽ പ്രയോജനം ലഭിക്കുമോ എന്ന് പഠനം പറയുന്നില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: