
കൊച്ചി: ലോക് ഡൗൺ തുടരുമ്പോഴും ബാങ്ക് വായ്‌പകൾക്ക് മൊറട്ടോറിയമോ, തിരിച്ചടവ് സാവകാശമോ പ്രഖ്യാപിക്കാതെ സർക്കാരിന്‍റെ ഒളിച്ചു കളി. കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽവിഷയം ഉന്നയിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ നിർദേശങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ലോൺ തിരിച്ചടവ് പുനക്രമീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ചയിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇതു സംബന്ധിച്ച് അറിയില്ലെന്നാണ് ബാങ്കുകൾ നൽകുന്ന വിശദീകരണം.
അതേസമയം വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ലോൺ അടവിൽ സാവകാശം ലഭിച്ചില്ലെങ്കിൽ സാധാരണക്കാരായ നിരവധി പേർ ആത്മഹത്യയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം ലോക് ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ വായ്‌പകൾക്ക് ആറ് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മൊറട്ടോറിയം കാലാവധി നീട്ടിയതിനു പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബത്തോടെ ജീവനൊടുക്കിയവരും കേരളത്തിലുണ്ട്.
എല്ലാവർക്കും കിറ്റ് നൽകിയെന്ന് സർക്കാർ പറയുമ്പോഴും പണത്തിനു പകരം പണമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് മാസം മുഴുവനായും മിനി ലോക് ഡൗണും പിന്നീടെത്തിയ ലോക് ഡൗണും ജനങ്ങളെ വീടുകളിലാക്കിയിരുന്നു.
സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ, ടാക്‌സി ഡ്രൈവർമാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കച്ചവടക്കാർ, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾ, കരാർ ജീവനക്കാർ തുടങ്ങി ബഹുഭൂരിപക്ഷം ആളുകൾക്കും ശമ്പളം മുടങ്ങി. പലർക്കും ഒരു മാസം മുഴുവൻ തൊഴിൽ ഇല്ലാതിരിക്കേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ എങ്ങനെ ലോൺ അടവ് മുടങ്ങാതെ അടയ്ക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
നിരവധി പേർക്ക് ലോക് ഡൗൺ കാലയളവിൽ തൊഴിൽ നഷ്‌ടമാകുന്നുണ്ട്. ഇവരിൽ മിക്കവരും വിദ്യാഭ്യാസ വായ്‌പ അടക്കം സ്വീകരിച്ചവരുമാണ്. വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷവും തയാറാകുന്നില്ലെന്നതാണ് വിരോധാഭാസം. കേരളത്തിൽ വ്യാപാരികളുടെ സംഘടനകളും കർഷക സംഘടനകളും ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: