കൊച്ചി: ത്രില്ലടിപ്പിച്ചും ഭയപ്പെടുത്തിയും ആദ്യ ഓണച്ചിത്രം കുരുതി ആമസോൺ പ്രൈമിൽ. റിലീസിനു പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പൃഥ്‌വിരാജ്, മുരളിഗോപി, ഷൈൻ ടോം ചാക്കോ, മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവരുടെ കിടിലൻ പെർഫോമൻസാണ് സിനിമയുടെ ഹൈലൈറ്റ്.
സമൂഹത്തിൽ വളർന്നു വരുന്ന ഹിന്ദു-മുസ്ലീം വർഗീയതയെ ഊന്നിയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി പ്രേക്ഷകർക്ക് ബോറടിക്കാത്ത ഒരു സസ്പെൻസ് ത്രില്ലറായിട്ടാണ് സംവിധായകൻ മനു വാര്യർ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉരുൾ പൊട്ടൽ നാശം വിതച്ച ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രദേശത്ത് നടന്ന ഒരു വർഗീയ കൊലപാതകത്തിലെ പ്രതിയുമായി പൊലീസ് പോയ വാഹനം എതിർവിഭാഗം ആക്രമിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. പൊലീസ് ഉദ്യോഗസ്ഥർ ചിതറി ഓടിയപ്പോൾ പ്രതിയുമായി ഒരു വീട്ടിലേക്ക് ഓടിക്കയറുകയാണ് മുരളി ഗോപി അവതരിപ്പിച്ച എസ്.ഐയുടെ കഥാപാത്രം.
തുടർന്ന് ആ വീട്ടിലേക്ക് പ്രതിയെ കൊലപ്പെടുത്താൻ എത്തുന്നവരും വീട്ടിലുള്ളവരും തമ്മിലുള്ള സംഘർഷമാണ് കഥാസാരം. സമൂഹത്തിൽ വളർന്നു വരുന്ന മത വിദ്വേഷം എത്രത്തോളം ഭീകരമാണെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. അതിനായി ഇരുവിഭാഗങ്ങളും നിരത്തുന്ന വാദങ്ങളും ചിത്രം വിശദീകരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത പകയുടെ ആരംഭം എവിടെ നിന്നാണെന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
സമാനരീതിയിലുള്ള സിനിമകൾ മുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ലാഗ് ഇല്ലെന്നതാണ് കുരുതിയെ വ്യത്യസ്‌തമാക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫ്ലോയിൽ ചിത്രം കണ്ടു തീർക്കാനാകും. രണ്ട് മണിക്കൂർ മാത്രമാണ് ചിത്രത്തിന്‍റെ ദൈർഘ്യം. ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം ഒടിടിയിൽ ഹിറ്റായി കഴിഞ്ഞു. അനീഷ് പള്ളിയാലാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയി സംഗീതവും രാമാനുജം ചായാഗ്രഹണവും നിർവഹിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: