അരീപ്പറമ്പ്: മീനച്ചിലാറ്റിൽ യുവതി ജീവനൊടുക്കിയത് 80 ലക്ഷം രൂപ ലോട്ടറി അടിച്ചിട്ടും കടം തീരാത്തതിന്‍റെ മനോവിഷമത്തിൽ. അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്‍റെ ഭാര്യ സൗമ്യ (39) യാണ് മരിച്ചത്. ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന സൗമ്യ ഓഫീസിൽ നിന്ന് തിരികെ വരുന്ന വഴി കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിന്‍റെ സമീപത്ത് നിന്നാണ് മീനച്ചിലാറ്റിൽ ചാടിയതെന്ന് കരുതുന്നു.
സൗമ്യയുടെ ഭർത്താവിന് നേരത്തെ 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചരുന്നു. ഇവർ ഈ തുക ഉപയോഗിച്ച് പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിന് 15 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കിടങ്ങൂരിൽ എത്തി. ആറിന് സമീപം സൗമ്യയുടെ ബാഗും സ്‌കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.
മാതാപിതാക്കൾ ക്ഷമിക്കണം എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണം എന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശം. ഈയിടെ വീടിന്‍റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇത് മൂലം സൗമ്യ ദുഖിതനായിരുന്നു. കൂരോപ്പട ചെമ്പരതിമൂട്ടിൽ സൗമ്യ ബോർവെൽ ആൻഡ് വർക് ഷോപ്പ് ഉടമ സുകുമാരന്‍റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകൾ: ലക്ഷ്‌മി. സംസ്‌കാരം നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: