ന്യൂഡെൽഹി: മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്ര സർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും കാലാവധിയെന്ന് പ്രാധനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഓട്ടമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഫിറ്റ്നസ് പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുന്നത്. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും. റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാൻ 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ടെസ്റ്റിങ് കേന്ദ്രങ്ങൾ രാജ്യത്ത് എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക സംഗമം വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയം.
ഇതു രാജ്യത്തെ ഓട്ടമൊബീൽ മേഖലയ്ക്കു പുതിയ സ്വത്വം നൽകും. അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽനിന്നു നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ നയം രൂപീകരിക്കുന്നതിലൂടെ ടെസ്റ്റിങ്, പൊളിക്കൽ കേന്ദ്രങ്ങളിലായി 35,000ത്തിലധികം തൊഴിലവസരങ്ങളും പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്‍റെ ഫിറ്റ്നസ് ടെസ്റ്റ് ചെലവ് വാഹനത്തിന്‍റെ തരം അനുസരിച്ചായിരിക്കും. സ്വകാര്യവാഹനത്തിന്, 300-400 രൂപയും വാണിജ്യ വാഹനത്തിന് 1000-1500 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

Post A Comment: