ഇടുക്കി: രണ്ടാം കോവിഡ് വ്യാപനത്തിനു പിന്നാലെ ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ മരണപ്പെടുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. വ്യാഴാഴ്ച്ച മാത്രം രണ്ട് കോവിഡ് മരണങ്ങളാണ് ഹൈറേഞ്ച് മേഖലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വണ്ടൻമേട് ടെലിഫോൺ എക്‌സ്‌ചേഞ്ച് ജീവനക്കാരൻ പള്ളിപ്പറമ്പിൽ ജോൺസൺ (62), കെ. ചപ്പാത്ത് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ട് പേരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കൽ കോളെജിൽ എട്ടോളം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തിങ്കളാഴ്ച്ച മാത്രം ഹൈറേഞ്ചിൽ ഏഴോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രണ്ടാം വ്യാപനത്തിൽ മരണ സംഖ്യ വർധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം തോട്ടം മേഖലയിൽ അടക്കം രോഗം വ്യാപിക്കുന്നതും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക് കോവിഡ് വ്യാപനം ഉണ്ടാകുന്നതും ഹൈറേഞ്ചിനെ ഭീതിയിലാക്കുകയാണ്.
മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും ഹൈറേഞ്ച് മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ എല്ലാം തന്നെ ഏറെക്കുറെ നിറഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയിൽ വൻ തുക ചികിത്സയ്ക്കായി ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: